തെക്കൻ തമിഴ്നാട്ടിലെ പ്രളയ ബാധിത മേഖലകൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് സന്ദർശിക്കും. പ്രളയം ഗുരുതരമായി ബാധിച്ച തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ പ്രതിസന്ധി രൂക്ഷമാണ്. പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയിൽ എത്തുന്ന മുഖ്യമന്ത്രി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ സന്ദർശിക്കും. ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. കേന്ദ്ര സഹായം തേടിയയായിരുന്നു സ്റ്റാലിന്റെ സന്ദർശനം. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 2,000 കോടി രൂപ തമിഴ്നാടിനായി അനുവദിക്കണമെന്നും സ്റ്റാലിൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ദുരിതബാധിതർക്ക് ഇടക്കാലാശ്വാസമായി ഉപജീവന സഹായം നൽകാനും തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലെ താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനും ഈ തുക സഹായിക്കുമെന്ന് സ്റ്റാലിൻ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
അതേസമയം വെള്ളക്കെട്ടിനെ തുടർന്ന് ശ്രീവൈകുണ്ടത്ത് ട്രെയിനിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും ഇന്നലെ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ഇതുവരെ പത്ത് പേരാണ് നാല് ജില്ലകളിലായി മരിച്ചത്.