കോവിഡ് -19ന് ചികിത്സയിലായിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആണെന്ന് ചെന്നൈയിലെ ആശുപത്രി നൽകിയ മെഡിക്കൽ ബുള്ളറ്റിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ, എസ.പി.ബിയുടെ ആരോഗ്യനില മുമ്പത്തേക്കാൾ മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു. ഡെക്കാൻ ക്രോണിക്കൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യം ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെങ്കിലും വൈകുന്നേരത്തോടെ സുഖം പ്രാപിച്ചുവെന്ന് ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി ചരൺ, സഹോദരി എസ്.പി വസന്ത എന്നിവർ പറഞ്ഞു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടതായും ഡോക്ടർമാരുടെ പരിചരണത്തിലാണെന്നും ചരൺ ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉത്കണ്ഠയുടെ ആവശ്യമില്ലെന്നും എസ.പി.ബി സുഖം പ്രാപിക്കുമെന്നും ചരൺ കൂട്ടിച്ചേർത്തു.
അതേസമയം, ബാലസുബ്രഹ്മണ്യത്തിന് നല്ല ഇച്ഛാശക്തി ഉണ്ടെന്നും ദൈവകൃപയുടെയും അദ്ദേഹത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനയുടെയും ഫലമായി അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും സുരക്ഷിതമായും ഊർജ്ജസ്വലമായും വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹത്തിന്റെ സഹോദരി എസ്.പി വസന്ത പറഞ്ഞു.