ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കും. മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങ്ങിന്റെ മകന്‍ തേജ്പ്രതാപ് യാദവിനെ കനൗജില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. പിന്നാലെയാണ് അഖിലേഷ് തന്നെ പോരിനിറങ്ങുന്നത്.
2000, 2004, 2009 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവ് കനൗജില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2012, 2014 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ഇവിടെ നിന്ന് മത്സരിച്ച് ജയിക്കുകയുണ്ടായി. 2019ല്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ജയിച്ചെങ്കിലും 2022 ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിനായി അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
എസ്പിയുടെ എക്കാലത്തെയും വലിയ ശക്തികേന്ദ്രമായ കനൗജില്‍ 2019ല്‍ ബിജെപി സ്ഥാനാര്‍ഥി അട്ടിമറി ജയം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇക്കുറി പാര്‍ട്ടി അധ്യക്ഷന്‍ തന്നെ രംഗത്തിറങ്ങിയത്.