യുപിയിലെ അയോധ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാൻ്റെ വീടും ബേക്കറിയും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർത്തു. അയോധ്യ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. അനധികൃതമായി നിർമിച്ചുവെന്നാരോപിച്ച് ഈ ബേക്കറി അധികൃതർ നേരത്തെ പൂട്ടിയിരുന്നു.
മൊയ്ദ് ഖാൻ അനധികൃതമായി കുളക്കരയിൽ ബേക്കറി പണിതിരുന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേക്കറി സീൽ ചെയ്തു. അയോധ്യ ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും സംഘമാണ് ബുൾഡോസറുമായിയെത്തി ബേക്കറി പൊളിച്ചത്. പൊളിക്കലിനിടെ ബുൾഡോസർ മണ്ണിൽ കുടുങ്ങിയിരുന്നു. തുടർന്ന് പൊളിക്കൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്നാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. മൊയീദ് ഖാൻ്റെ വീടും സംഘം പൊളിച്ച് നീക്കി.
മൊയീദ് ഖാനും ബേക്കറിയിലെ ജീവനക്കാരനും ചേർന്ന് പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി നിലവിൽ ഗർഭിണിയാണ്. രക്ഷിതാക്കളുടെ പരാതിയിലാണ് യുപി പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചിരുന്നു. അതേസമയം സമാജ്‌വാദി പാർട്ടി ക്രമിനലുകളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കേസിൽ ഡിഎൻഎ പരിശോധന നടത്തണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.