ഭാരത് ജോഡോ യാത്രയ്ക്കിടെ ‘ലൈംഗികപീഡന’ത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തിയത്.
ഭാരത് ജോഡോ യാത്രയില്‍ ശ്രീനഗറില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ വിശദീകരണം തേടിയാണ് പൊലീസ് എത്തിയിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഹുലിന് നോട്ടീസ് അയച്ചിരുന്നു.
‘രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയാണ്’ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.