ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ അന്തിം ജന്‍ മാസികയുടെ പുതിയ പതിപ്പ് വിവാദത്തില്‍. വി ഡി സവര്‍ക്കറുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയ ജൂണ്‍ ലക്കത്തിലെ മാസികയാണ് വിവാദത്തിലായിരിക്കുന്നത്. സവര്‍ക്കറെ പ്രകീര്‍ത്തിച്ച് നിരവധി ലേഖനങ്ങള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മാസികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഗാന്ധിയരും പ്രതിപക്ഷവും രംഗത്തെത്തി.
മഹാനായ ദേശഭക്തന്‍ വീര സവര്‍ക്കര്‍ എന്ന തലക്കെട്ടില്‍ സമിതി ഉപാധ്യക്ഷന്‍ വിജയ് ഗോയലിന്റെ ആമുഖക്കുറിപ്പ് മാസികയിലുണ്ട്. ഇത് കൂടാതെ സവര്‍ക്കറുടെ പുസ്തകമായ ‘ഹിന്ദുത്വ’യിലെ ഒരു ഭാഗവും മാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗാന്ധിയും സവര്‍ക്കറും, ഗാന്ധിജിയുടെ രോഷം, വീര സവര്‍ക്കറുടെ മൂല്യബോധം എന്നിങ്ങനെ പത്തോളം ലേഖനങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇത്തരമൊരു പ്രസിദ്ധീകരണത്തിലൂടെ ഗാന്ധിജി അവസാനം വരെ എതിര്‍ത്ത ആശയത്തെ മഹത്വവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സമിതി ചെയ്തത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിന് പിന്നില്‍ സവര്‍ക്കറെ വെള്ള പൂശാന്‍ നടത്തുന്ന ശ്രമമാണെന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ധീരെന്ദ്ര ഝാ പ്രതികരിച്ചു.
Read more
അതേസമയം മെയ് 28-ന് സവര്‍ക്കറുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക പതിപ്പ് ഇറക്കിയതെന്ന് സമിതി വിശദീകരിക്കുന്നു. ബ്രിട്ടീഷ് കാലത്ത് ഏറ്റവും കൂടുതല്‍ തവണ ജയിലില്‍ക്കഴിഞ്ഞത് സവര്‍ക്കറാണെന്ന് വിജയ് ഗോയല്‍ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ഇനിയും പ്രത്യേക പതിപ്പുകളിറക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരിക്കും ഓഗസ്റ്റിലെ പതിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.