ഉത്തര്‍പ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. അഡ്വക്കേറ്റ് കമ്മീഷന്റെ പരിശോധനയ്ക്കാണ് സുപ്രീംകോടതി സ്‌റ്റേ നല്‍കിയത്.
ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി നേരത്തെ മൂന്നംഗ അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു. മസ്ജിദില്‍ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ഇതേ കുറിച്ച് വ്യക്തത വരുത്താന്‍ അഭിഭാഷക കമ്മീഷനെ നിയമിക്കാനുമാണ് ഒരു വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്നായിരുന്നു ഗ്യാന്‍വാപിക്ക് സമാനമായി മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. സമാന വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ പൊതുതാല്‍പര്യ ഹര്‍ജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.