ശ്രീലങ്കയുടെ മണ്ണ് ഒരിക്കലും ഇന്ത്യ വിരുദ്ധതയ്ക്കായി ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കടബാധ്യതയില്‍പ്പെട്ട ശ്രീലങ്കയ്ക്ക് ഇന്ത്യ ധനസഹായം നല്‍കിയതില്‍ ദിസനായകെ നന്ദി പറഞ്ഞു. ശ്രീലങ്കയിലെ കാങ്കസന്‍തുറൈ തുറമുഖ വികസനത്തിന് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ശ്രീലങ്കയുടെ സൈനിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായം നല്‍കും.
സംയുക്ത അഭ്യാസങ്ങള്‍, സമുദ്ര നിരീക്ഷണം എന്നിവ നടത്തും. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ചയായി. ബ്രിക്സില്‍ അംഗമാകാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങള്‍ക്ക് ദിസനായകെ പിന്തുണ അഭ്യര്‍ഥിച്ചു. ഇതടക്കം നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, വിദേശമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായും ദിസനായകെ കൂടിക്കാഴ്ച നടത്തി.
400 കോടി ഡോളറാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ ഗ്രാന്റുകളായും വായ്പ സഹായമായും നല്‍കിയതെന്ന് മോദി പറഞ്ഞു. ഇരട്ടനികുതി ഒഴിവാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, പരിശീലനം തുടങ്ങിയവയിലെ സഹകരണത്തിനുമുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സാംപുര്‍ സൗരോര്‍ജ പദ്ധതി, ശ്രീലങ്കന്‍ റെയില്‍വേ കണക്ടിവിറ്റി, ഇന്ത്യശ്രീലങ്ക ഫെറി, വിമാന സര്‍വീസ്, ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതി, വിദ്യാഭ്യാസം, പ്രതിരോധം, സമുദ്രപഠനം തുടങ്ങിയവയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
അയല്‍ രാജ്യത്തിന്റെ പുനരുദ്ധാരണം, അവരുമായുള്ള ഐക്യം തുടങ്ങിയ കാര്യങ്ങളില്‍ ദിസനായകെയുമായി ചര്‍ച്ച നടത്തിയെന്നും ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.