യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കര്‍: ഹരിത ട്രൈബ്യൂണല്‍; 'തീരം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 10 വര്‍ഷം വേണ്ടിവരും'

യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കറിന്റെ സംഘടനയാണെന്ന് ഹരിത ട്രൈബ്യൂണല്‍. 2016ലാണ് യമുനാ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന സംഘടന സാംസ്‌കാരികോത്സവം നടത്തിയത്. പരിപാടിയുടെ ഭാഗമായി യമുനാ തീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധ സമിതിയും നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമിതി ഇക്കാര്യം അറിയിക്കുകയുമുണ്ടായി

വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ ഡല്‍ഹി വികസന അതോറിറ്റി നദീതീരം പുനരുദ്ധാരണം ചെയ്യണമെന്നും സ്വതന്തര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. വിധി പ്രസ്താവനക്കിടെ ഡല്‍ഹി വികസന അതോറിറ്റിക്കെതിരേ രൂക്ഷ വിമര്‍ശമാണ് ട്രൈബ്യൂണല്‍ ഉയര്‍ത്തിയത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അതോറിറ്റിക്ക് കഴിഞ്ഞില്ലെന്ന് ബെഞ്ച് പറഞ്ഞു.

ആര്‍ട്ട് ഓഫ് ലിവിംഗ് പിഴയായി ഒടുക്കിയ അഞ്ച് കോടി രൂപ യമുനാ തീരം പുനരുദ്ധാരണം ചെയ്യാന്‍ ഉപയോഗിക്കണമെന്നും ചെലവ് കൂടിയാല്‍ അതും രവിശങ്കറിന്റെ സംഘടനയില്‍ നിന്നും ഇടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.