തമിഴ്നാട്ടിൽ രണ്ട് മാസത്തെ ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ. ‘മക്കളുടൻ മുതൽവർ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പദ്ധതി ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. 37 ജില്ലകളിലായി 2500 ക്യാമ്പുകൾ ഉണ്ടാകും. ‘മക്കളുടൻ മുതൽവർ’ എന്നാൽ ‘മുഖ്യമന്ത്രി ജനങ്ങളോടൊപ്പം’ എന്നാണ് അർത്ഥം. ഓരോ ക്യാമ്പിലെയും 20,000 ജനങ്ങള്‍ക്ക് വീതം പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാനത്തെ 15 സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജൂലൈ 15 മുതൽ സെപ്തംബർ 15 വരെ ജനങ്ങള്‍ക്ക് പരാതികള്‍ എഴുതി നൽകാം. ഒക്ടോബർ 15നുള്ളിൽ പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ആദിവാസി ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സഹകരണം, ഭക്ഷ്യം, കൃഷി, ഊർജം, ആഭ്യന്തരം, എക്സൈസ്, തൊഴിൽ, നൈപുണ്യ വികസനം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, റവന്യൂ തുടങ്ങിയ 15 വകുപ്പുകളിലേക്കാണ് പരാതികള്‍ സ്വീകരിക്കുക. ഇ-സേവാ കേന്ദ്രങ്ങളിലൂടെ അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് തുടർ വിവരങ്ങളെത്തും. സംസ്ഥാന സർക്കാരിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ആദ്യമായി ഈ പദ്ധതി സ്റ്റാലിൻ സർക്കാർ നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ 2,058 ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. മുനിസിപ്പൽ കോർപ്പറേഷനുകളിൽ 641, മുനിസിപ്പാലിറ്റികളിൽ 632, ടൗൺ പഞ്ചായത്തുകളിൽ 520, മറ്റിടങ്ങളിൽ 265 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2.64 ലക്ഷത്തിലധികം അപേക്ഷകൾ ക്യാമ്പുകളിലൂടെയും 6.40 ലക്ഷത്തിലധികം അപേക്ഷകള്‍ അല്ലാതെയും ലഭിച്ചു. ഒരു മാസത്തിനുള്ളിൽ 8.74 ലക്ഷം പരാതികളിൽ സൂക്ഷ്മ പരിശോധന നടത്തിയെന്നാണ് സർക്കാർ അറിയിച്ചത്.