നീറ്റ് പരീക്ഷയിൽനിന്നു തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ബിൽ ഗവർണർ തിരിച്ചയച്ചതിനു പിന്നാലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വീണ്ടും ബിൽ പാസാക്കാൻ ഒരുങ്ങി സംസ്ഥാനം.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണു തീരുമാനം. വരുന്ന എട്ടിനാകും സമ്മേളനം.അതേസമയം, വിഷയത്തിൽ കേന്ദ്രവുമായി കൂടുതൽ ചർച്ചകൾക്കായി ഗവർണർ ആർ.എൻ.രവി നാളെ ഡൽഹിയിലേക്കു പോകും
നീറ്റ് റദ്ദാക്കൽ ബിൽ രാഷ്ട്രപതിക്ക് അയയ്‌ക്കാത്തതിലൂടെ ഗവർണർ തന്റെ ഭരണഘടനാപരമായ കടമയിൽ വീഴ്ച വരുത്തിയെന്നു സ്റ്റാലിൻ കുറ്റപ്പെടുത്തി. മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും നീറ്റ് റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നിയമനടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയും യോഗത്തിൽ പങ്കെടുത്തില്ല.
അണ്ണാഡിഎംകെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. വരാനിരിക്കുന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ സമ്മേളനം വിളിക്കുന്നതിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.