പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഒമ്പത് വയസുകാരന്‍ അപകട ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. തിരക്കിൽ കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടർന്ന് നടൻ അല്ലു അർജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു. നഗരത്തിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4ന് അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണ് ദുരന്തമുണ്ടായത്.
തീയറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. അല്ലു അർജുൻ കുട്ടിയെ സന്ദർശിക്കാത്തതിലും പ്രതിഷേധം ഉയർന്നിരുന്നു. കുട്ടിയെ കാണാൻ പോകാതിരുന്നത് നിയമപ്രശ്‌നങ്ങൾ മൂലമാണെന്ന് അല്ലു അർജുൻ വാർത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുന്‍റെ പ്രതികരണം.
കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു.
തീയറ്ററിന് പൊലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തീയറ്റര്‍ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. തീയറ്റര്‍ ഉടമകളെ നേരത്തെ അറസ്റ്റ് ചെയ്തു. അല്ലു അർജുൻ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ല.
തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനും ക്രമീകരണം ഉണ്ടായിരുന്നില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് തടസം ഉണ്ടാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കൽ നോട്ടീസ്. 10 ദിവസത്തിനകം വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.