ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്. തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ അഴിമതി നടന്നെന്ന ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ 4ന് ഓഹരി വിപണി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും സ്റ്റോക്കുകള്‍ വാങ്ങാനും മോദിയും അമിത്ഷായും പറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ ഒന്നിന് വ്യാജ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വരുകയും ഇത് ജൂണ്‍ 4ന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങള്‍ക്ക് നിക്ഷേപ ഉപദേശം നല്‍കി. എന്തിനായിരുന്നു ഇത്തരത്തില്‍ ഒരു പ്രസ്താവനയെന്നും രാഹുല്‍ ചോദിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യാജമാണെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാമായിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് തിരഞ്ഞെടുപ്പ് കാലത്ത് നടന്നത്. സംഭവത്തില്‍ ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.