'മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ല'; അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര വിധികൾ

വിവാദ ഉത്തരവുകളുടെ ഒരു നിരതന്നെയാണ് ഇക്കഴിഞ്ഞ കുറെ നാളുകളായി അലഹബാദ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. ബലാത്സംഗ കേസ് ഇരയെ പ്രതി നിർബന്ധമായി വിവാഹം കഴിക്കണമെന്നതുൾപ്പെടെ ഇപ്പോഴിതാ ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് വിചിത്രമായ വാദം നടത്തിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി.

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്രയുടേതാണ് പരാമർശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം.

Hon’ble Mr. Justice Ram Manohar Narayan Mishra 

Adv. Ram Manohar Narayan Mishra

ഈ വിധിയിലെ പ്രത്യേകത എന്തെന്നാൽ ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്ര ഉന്നയിച്ചത്.

പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്രയുടെ പരാമർശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കസന്‍ഗഞ്ച് കോടതിയാണ് ഇരുവര്‍ക്കുമെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്. എന്നാൽ കീഴ്കോടതി ചുമത്തിയ കുറ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2021 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയെ നീര്‍ച്ചാലിലൂടെ വലിച്ചിഴച്ചെന്നും പൈജാമയുടെ വള്ളി പൊട്ടിക്കാന്‍ ശ്രമിച്ചെന്നുമാണ് ആകാശിനെതിരായ ആരോപണം. എന്നാല്‍ പ്രതി ഈ പ്രവര്‍ത്തിയിലൂടെ പെണ്‍കുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചതായോ സാക്ഷികള്‍ പറയുന്നില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ഒപ്പം പ്രതികൾ പെനട്രെറ്റിവ് സെക്സ് നടത്തിയതായുംതെളിവില്ലെന്നും അതിന് ശ്രമിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബലാത്സംഗവും ബലാത്സംഗ ശ്രമവും ചാർജുകൾ ഒഴിവാക്കാൻ ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര വിധിയിൽ പറഞ്ഞത്.

നേരത്തെ ബലാത്സംഗ കേസിലെ പ്രതി ഇരയെ മൂന്ന് മാസത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന വിചിത്ര ജാമ്യവ്യവസ്ഥയിൽ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് മറ്റൊരു ഉത്തരവും ഇറക്കിയിരുന്നു. കേസിൽ നിന്നും മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ ഇരയെ വിവാഹം കഴിക്കണമെന്നായിരുന്നു വ്യവസ്ഥ. ഫെബ്രുവരി 20 ന് ജസ്റ്റിസ് കൃഷൻ പഹാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

हाई कोर्ट के जज बने कृष्ण पहल किसान परिवार से - Krishna Pahal became the  judge of the High Court from the farmer family - Uttar Pradesh Meerut City  General News

Justice Krishan Pahal

കേസിലെ പ്രതി നരേഷ് മീണ ഇരയെ വിവാഹം കഴിച്ചോളാം എന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിചിത്ര വിധി. ഉത്തർപ്രദേശ് പോലീസിൽ റിക്രൂട്ട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ ഇരയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. പെൺകുട്ടിയെ പ്രതി വിവാഹം കഴിക്കാമെന്ന് അറിയച്ചതിനാലാണത്രെ കോടതിയുടെ വിചിത്ര വിധി ഉണ്ടായത്.

ഈ വിചിത്ര വിധികളെല്ലാം വരുമ്പോൾ ചർച്ച ചെയ്യപ്പെടുന്നത് 2021 ൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച് വിവാദമായി മാറിയ ഉത്തരവാണ്. 2016 ഡിസംബറിൽ 39-കാരൻ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൻ്റെ വിധി പറയവെയാണ് ബോംബെ ഹൈക്കോടതിയിലെ അഡിഷണൽ ജഡ്‌ജിയായ ജസ്റ്റിസ് പുഷ്‌പ ഗനേഡിവാല വിവാദ പ്രസ്താവന നടത്തിയത്. വസ്ത്രത്തിന് മുകളിലൂടെയാണ് പെൺകുട്ടിയുടെ ശരീരത്തിൽ സ്പ‌ർശിച്ചതെന്നും നേരിട്ടുള്ള സ്‌പർശനം നടക്കാത്തതിനാൽ പോക്സോ നിയമമനുസരിച്ചുള്ള ലൈംഗികാതിക്രമം നടന്നതായി കരുതാനാവില്ലെന്നുമായിരുന്നു ജഡ്‌ജിയുടെ പ്രസ്‌താവന.

Justice Pushpa Ganediwala: Bombay HC Judge behind the controversial POCSO  rulings

Pushpa Virendra Ganediwala

ചർമത്തിൽ നേരിട്ട് സ്‌പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ പിടിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക പീഡനമാകില്ലെന്നായിരുന്നു അന്ന് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല പറഞ്ഞത്. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാൻ്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നടക്കം ജസ്റ്റിസ് ഗനേഡിവാല പുറപ്പെടുവിച്ച പല വിധികളും വിവാദമായിരുന്നു. എന്നാൽ ജസ്റ്റിസ് പുഷ്‌പ വി ഗനേഡിവാല പുറപ്പെടുവിച്ച പോക്സോ കേസിലെ ഈ വിചിത്ര വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഇത്രയും തരംതാഴ്ന്ന നീതിയില്ലാത്ത വിധി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് പുഷ്‌പ വി ഗനേഡിവാലയെക്കെതിരെ കടുത്ത നടപടിക്ക് സുപ്രീംകോടതി തയാറായി. ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സർക്കാരിനയച്ച ശുപാർശ അടക്കം സുപ്രീം കോടതി കൊളീജിയം തിരിച്ച് വിളിച്ചിരുന്നു. പെൻഷനും റദ്ധാക്കിയിരുന്നു. പിന്നീട് പെൻഷൻ അടക്കം കാര്യങ്ങൾക്ക് വേണ്ടി നീതിന്യായ വ്യവസ്ഥയെ അവർക്ക് സമീപിക്കേണ്ടി വന്നു. ഇത്തരതിലോരു താക്കീത് നേരത്തെ തന്നെ സുപ്രീം കോടതി നൽകിയിട്ടും ചില ജഡ്ജിമാർക്ക് ഇന്നും നേരം വെളുത്തിട്ടില്ല.

2021 ൽ ഇത്തരത്തിലൊരു നടപടി രാജ്യത്തിൻറെ പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായിട്ടും 2025 ലും കേൾക്കുന്നവർക്ക് ഒറ്റവാക്കിൽ അനീതി എന്നും ശുദ്ധ ഭോഷ്‌ക്കെന്നും തോന്നുന്ന ഒരു വിധി അലഹബാദ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുകയാണ്. ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്രയാണ് ഇത്തരത്തിൽ നികൃഷ്ടമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതിന്യായ പീഠത്തിൽ ഇരിന്നുകൊണ്ട് ഇത്തരത്തിൽ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാർക്ക് താക്കീത് നൽകിക്കൊണ്ട് ഇക്കുറിയും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Read more