ഫാത്തിമ ലത്തീഫിന്റെ മരണം: രണ്ട് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല  നിരാഹാര സമരം ആരംഭിച്ചു

മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ  മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. നടപടിയുണ്ടാകും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്.

മലയാളി ഗവേഷക വിദ്യാർത്ഥികളായ ജസ്റ്റിൻ, അസർ എന്നിവരാണ് കാമ്പസിനുള്ളിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി സമരം.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ചിന്താ ബാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ അധികൃതര്‍ക്കു മുന്നില്‍ ആവശ്യം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ കാര്യങ്ങളില്‍ പുറത്തെ ഏജന്‍സിയെ ഇടപെടുത്താമെന്ന് പരാമര്‍ശിച്ച് ഡീന്‍ ഒരു കത്തു നല്‍കിയതല്ലാതെ അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിരാഹാരം തുടങ്ങിയത്.

Read more

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകന് പങ്കുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. കൂടുതല്‍ പേരുടെ കാര്യം തനിക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. അതേസമയം ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരോട് വൈകുന്നേരത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.