കേരളത്തില്‍ ഭ്രാന്തന്‍മാരായ കമ്മ്യൂണിസ്റ്റുകാര്‍; ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സര്‍ക്കാരിനെ പിരിച്ചുവിടണം; വിരട്ടലുമായി സുബ്രഹ്മണ്യന്‍ സ്വാമി

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പേരാട്ടത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് അദേഹം ആവശ്യപ്പെട്ടു.

‘ഭരണഘടന പ്രകാരം കേരള ഗവര്‍ണര്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിനെതിരെ ട്വിറ്ററില്‍ ചേരിതിരിഞ്ഞ് പോര് നടക്കുന്നുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമിയെ അനുകൂലിച്ച് വലതുപക്ഷ അനൂകൂലികളും തിരിച്ചടിച്ച് ഇടതുപക്ഷ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് വ്യക്തമാക്കി. ഒരു സര്‍വകലാശാലയിലും പുതിയ വി.സിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല.

അധികാരമേറ്റെടുക്കാനെത്തുന്നവരെ അകത്തേക്ക് കടത്തിവിടില്ല. ആരിഖ് മുഹമ്മദ് ഖാന്റെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വകലാശാലയിലേക്ക് പറഞ്ഞുവിട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കണ്ടോളൂ. ഗവര്‍ണറെ വഴിയില്‍ തടയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. അധികാര ഗര്‍വുള്ള കസേരകളുടെ കാലുകള്‍ ഒടിക്കാന്‍ എസ്.എഫ്.ഐക്ക് കഴിയുമെന്നും അദേഹം വെല്ലുവിളിച്ചു.

Read more

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണരെ നീക്കം ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി മുഴുവന്‍ കാമ്പസുകളില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദേഹം അറിയിച്ചു.