യു.പിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ കരിങ്കൊടി വീശി കരിമ്പ് കര്‍ഷകര്‍

ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ കരിങ്കൊടി വീശി കരിമ്പ് കര്‍ഷകരുടെ പ്രതിഷേധം. കരിമ്പ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയാണ് കരിങ്കൊടി വീശിയത്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ വലയ്ക്കുന്നത് കരിമ്പ് കര്‍ഷകര്‍ നേരിടുന്ന ദുരിതമാണ്. പഞ്ചസാര മില്ലുകള്‍ കരിമ്പ് ശേഖരിച്ച ശേഷം കര്‍ഷകര്‍ക്ക് തുക നല്‍കുന്നതിലെ കാലതാമസമാണ് ഈ മേഖലയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. 1600 കോടി രൂപയാണ് മില്ലുകള്‍ ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് കരിമ്പ് കര്‍ഷകര്‍ ഏറെയും ഉള്ളത്. സര്‍ക്കാര്‍ നേരിട്ട് സംഭരിക്കാതെ, ഇടനിലക്കാര്‍ വഴി കരിമ്പെടുക്കുന്നത് കൊണ്ടാണ് ഭീമമായ തുക കുടിശികയാകുന്നത്.

കിട്ടാനുള്ള തുകയ്ക്ക് പലിശ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തിയെങ്കിലും കര്‍ഷകര്‍ ഇത് വിശ്വാസത്തിലെടുത്തട്ടില്ല. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ് ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത്.

Read more

തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം പ്രതികൂലമായി ബാധിക്കും എന്നറിഞ്ഞ് അത് മറികടക്കാനുള്ള കഠിനശ്രമത്തിലാണ് ബി.ജെ.പി. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കര്‍ഷകരെ അനുനയിപ്പിക്കാമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.