മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കും.
ദൂരുഹത നീക്കാന്‍ നിയമപോരാട്ടം ശക്തമാക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്നും ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
ഇന്നലെ ഫാത്തിമാ ലത്തീഫിന്റെ വീട്ടുകാര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു, എംഎല്‍എമാരായ നൗഷാദ്, മുകേഷ് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് പരാതി സമര്‍പ്പിച്ചിരുന്നു.
ഈ മാസം 9- നാണ് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനായിരിക്കും തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.