മൂന്ന് സ്വതന്ത്രരുടെ പിന്തുണ; ഗോവയില്‍ ബിജെപി തന്നെ, തിങ്കളാഴ്ച സത്യപ്രതിജ്ഞ

ഗോവയില്‍ ഈ മാസം 14ന് ബിജെപി മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് ബിജെപി നേതാക്കള്‍ മന്ത്രി സഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച നടത്തുമെന്നും മൂന്ന് സ്വതന്ത്രര്‍ പിന്തുണയ്ക്കാന്‍ തയ്യാറായി എത്തിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.

650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് തന്നെ തുടര്‍ന്നും മുഖ്യമന്ത്രിയായേക്കും. ബിജെപി തന്നെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തെ പ്രമോദ് സാവന്ത് പറഞ്ഞിരുന്നു. ഗോവയില്‍ ബിജെപിയ്ക്ക് തുടര്‍ഭരണം ഉറപ്പാണെന്നും എംജിപിയും സ്വതന്ത്രരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രമോദ് പറഞ്ഞിരുന്നു.

Read more

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും അറിയിച്ചിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി 19 സീറ്റുകളില്‍ ലീഡ് ചെയ്തു, കോണ്‍ഗ്രസ് 12 സീറ്റും . ആം ആദ്മി പാര്‍ട്ടി രണ്ടിടത്തും മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഏഴിടത്തും ലീഡ് ചെയ്തു.