ബാബ്‌റി മസ്ജിദ് പൊളിച്ചത് കടുത്ത നിയമലംഘനമാണെന്ന് സുപ്രീംകോടതി. 1934-ാണ് പള്ളിയുടെ നേരേ ആക്രമണം നടന്നതും ഒരു ഭാഗം പൊളിക്കുകയും ചെയ്തത്. 1949-ല്‍ വീണ്ടും പള്ളിയെ അപമാനിക്കാന്‍ ശ്രമം നടന്നു. 1992-ല്‍ പള്ളി പൂര്‍ണമായും പൊളിച്ചു. ഇതെല്ലാം നിയമവിരുദ്ധമായാണ് സംഭവിച്ചതെന്ന് സുപ്രീംകോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍നസീര്‍ എന്നിവര്‍ അംഗങ്ങളായ അഞ്ചംഗഭരണഘടനാ ബഞ്ചാണ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രവും, മറ്റൊരു സുപ്രധാനമായ ഭൂമിയില്‍ മുസ്ലിംകള്‍ക്ക് പള്ളിയും പണിയണമെന്ന് വിധിച്ചത്. അയോധ്യയിലെത്തന്നെ അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരോ, യുപി സര്‍ക്കാരോ ഒരു ട്രസ്റ്റ് രൂപീകരിച്ച്, മുസ്ലിംകള്‍ക്ക് കൈമാറണമെന്ന് നിര്‍ദേശിക്കവെ, കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനെയായിരുന്നു:
“”1949 ഡിസംബര്‍ 22/23 ദിവസങ്ങളില്‍ മുസ്ലിംകളെ, ആരാധന നടത്തുന്നതില്‍ നിന്ന് തടഞ്ഞ്, അകത്ത് രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്നു. അന്ന് മുസ്ലിംകളെ പുറത്താക്കിയത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയായിരുന്നു. പിന്നീട് സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ഒരു ഒബ്‌സര്‍വറെ നിയോഗിച്ചു. ഇവിടെ ഹിന്ദു വിഗ്രഹങ്ങള്‍ക്ക് ഒരു ചെറു ആരാധനാലയം സ്ഥാപിക്കാനും അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുമ്പോള്‍ത്തന്നെ പൂര്‍ണമായും പള്ളി പൊളിക്കപ്പെട്ടു. ഒരു പൊതു ആരാധനാലയം പൊളിച്ചുകളയുന്ന നടപടിയായിരുന്നു ഇത്. 450 വര്‍ഷം മുമ്പെങ്കിലും സ്ഥാപിക്കപ്പെട്ട വലിയൊരു പള്ളി ഇല്ലാതാക്കി, മുസ്ലിംകള്‍ക്ക് ആരാധന നടത്താനൊരു ഇടം ഇല്ലാതായി”” – കോടതിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു.
“”1992-ല്‍ പള്ളി പൊളിച്ചു, ആ മന്ദിരം പൂര്‍ണമായും തകര്‍ത്തു. നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ, കോടതി പുറപ്പെടുവിച്ച എല്ലാ ഉറപ്പുകളും ലംഘിച്ചുകൊണ്ടായിരുന്നു ഇത്. ഇതിനെ കടുത്ത നിയമലംഘനമായേ കാണാനാകൂ””, കോടതി നിരീക്ഷിക്കുന്നു.
ആ തെറ്റ് തിരുത്താനായി ബഞ്ച്, ആര്‍ട്ടിക്കിള്‍ 142 ഉപയോഗിച്ച് ഇങ്ങനെ ഉത്തരവിടുന്നതായി വിധിപ്രസ്താവം പറയുന്നു:
“”പ്രാര്‍ത്ഥിച്ചിരുന്ന പള്ളി ഇല്ലാതായ, മുസ്ലിംകള്‍ക്ക് വേണ്ടി കോടതി ഇടപെട്ടേ തീരൂ. ഒരു മതേതര രാജ്യത്തിന് ചേരുന്നതായിരുന്നില്ല ബാബ്‌റി പള്ളി പൊളിക്കല്‍. ഭരണഘടനയ്ക്ക് മുന്നില്‍ എല്ലാ മതങ്ങളും ഒരു പോലെയാണ്. സഹിഷ്ണുതയും പരസ്പരസഹവര്‍ത്തിത്വവും രാജ്യത്തിന്റെ മതേതരത്വത്തിന് അത്യന്താപേക്ഷിതമാണ്””, എന്ന് കോടതി.
അയോധ്യ നഗരത്തിനുള്ളില്‍ത്തന്നെ, സുന്നി വഖഫ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാരോ യുപി സര്‍ക്കാരോ ചേര്‍ന്ന്, ഭൂമി കണ്ടെത്തി നല്‍കണമെന്ന് പറയുമ്പോള്‍ വിധിപ്പകര്‍പ്പിലിങ്ങനെ പറയുന്നു:
“”കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് എപ്പോള്‍ ഭൂമി കൈമാറുന്നോ, അപ്പോള്‍ത്തന്നെ, സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനുള്ള ഭൂമിയും കൈമാറണം””, എന്ന് സുപ്രീംകോടതി.