ആധാർ വിഷയത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി.രാജ്യത്ത് വീടില്ലാതെ തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന് പേർക്ക് എങ്ങിനെ ആധാർ നൽകുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. വീടില്ലാത്തവർക്ക് ആവശ്യത്തിന് രാത്രികാല അഭയകേന്ദ്രങ്ങൾ ഇല്ലാത്തതു സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.
“കിടപ്പാടമില്ലാത്ത ദരിദ്രർക്ക് ആധാർ ഇല്ലാതെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം എങ്ങിനെ നൽകും? ആധാർ നിർബന്ധമാക്കുന്പോൾ ലക്ഷക്കണക്കിനു വരുന്ന വീടും സ്ഥിരമായ മേൽവിലാസവും ഇല്ലാത്തവർ എന്താണ് ചെയ്യുക?” സുപ്രീംകോടതി ചോദിച്ചത്.
രാജ്യത്ത് 2011ൽ നടത്തിയ അവസാന ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 1.7 കോടി പേരാണ് വീടില്ലാതെ തെരുവിൽ കഴിയുന്നത്. വീടില്ലാത്താവർ ഇന്ത്യൻ സർക്കാരിന്റെ ഭാഗമല്ലെന്നാണോ ഇതുകൊണ്ട് അർഥമാക്കുന്നതെന്നാണ് സുപ്രീംകോടതി സാമൂഹ്യനീതി ബെഞ്ച് അധ്യക്ഷനായ ജസ്റ്റീസ് മദൻ ബി. ലോക്കൂർ ചോദിച്ചത്.വടക്കേ ഇന്ത്യ അതിശൈത്യത്തിൽ വിറച്ചുനിൽക്കുന്ന കാലത്ത് തെരുവിൽ കഴിയുന്നവരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. രാത്രിസങ്കേതങ്ങളുടെ കുറവിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.