രാജ്യത്തുടനീളം പട്ടിണി അകറ്റാന്‍ സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒരു ക്ഷേമരാഷ്ട്രത്തിന്റെ ആദ്യ ജോലി ആളുകള്‍ പട്ടിണി കിടന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് സാമൂഹിക അടുക്കളകള്‍ നടത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കാത്തത് കോടതിയെ ചൊടിപ്പിച്ചു.
പദ്ധതി തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാതെ കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കോവിഡ് കാലത്ത് ഭക്ഷണം കിട്ടാതെ ആളുകള്‍ മരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയിലാണ് കേന്ദ്രത്തോട് സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഉത്തരവിറക്കി 15 ദിവസം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. സാമൂഹിക അടുക്കളകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്തത്. വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
പദ്ധതി ആലോചനയിലാണെന്ന് അറിയിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുഭരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അണ്ടര്‍ സെക്രട്ടറിയുടെ സത്യവാംങ്മൂലമല്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
യോഗം ചേര്‍ന്ന് നയം രൂപീകരിക്കാനുള്ള അവസാന അവസരമായി കോടതി സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം നല്‍കി. അടിയന്തരമായി ആവശ്യമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, സമഗ്രമായ ഒരു പദ്ധതി കൊണ്ടുവരാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
image credit: Debajyoti Chakraborty/NurPhoto