മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം. മതപഠനത്തെ പൊതുവിദ്യാഭ്യാസമായി കാണേണ്ടതില്ലെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിനെതിരെയാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചത്. മതപഠനത്തെ പൊതുവിദ്യാഭ്യാസമായി കാണേണ്ടതില്ലെന്ന നിര്‍ദ്ദേശം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാണോ എന്നും കോടതി ചോദിച്ചു.

മദ്രസ വിഷയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകം ആകുന്ന രീതിയില്‍ ബാലവകാശ കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

ബാലവകാശ കമ്മീഷന്‍ മദ്രസയിലെ സിലബസ് പഠിച്ചിട്ടുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. മതപരമായ നിര്‍ദ്ദേശങ്ങളും പൊതു വിദ്യാഭ്യാസവും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ ഉണ്ട്. മദ്രസകളുടെ കാര്യത്തില്‍ മാത്രം ഇത്ര ആശങ്ക എന്തിനെന്നും കോടതി ചോദിച്ചു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് നിയമത്തിന്റെ ലക്ഷ്യം.

മതപഠന സ്ഥാപനങ്ങള്‍ മതേതരത്വത്തിന്റെ ലംഘനമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് മതേതരത്വം. സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്ന് സുപ്രിംകോടതി പറഞ്ഞു. അത് അത്തരത്തില്‍ തന്നെ സംരക്ഷിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.