സുപ്രീം കോടതി ജഡ്ജിമാരുടെ പ്രതിഷേധം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നരേന്ദ്ര മോഡി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോഡി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും മോഡി ആവശ്യപ്പെട്ടതായി എ.എന്‍.ഐ റി്‌പ്പോര്‍ട്ട് ചെയ്തു.

അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉടന്‍ മാധ്യമങ്ങളെ കാണും. തനിക്കെതിരെയും സുപ്രീം കോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജസ്റ്റിസുമാര്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മിശ്രയുടെ വാര്‍ത്താസമ്മേളനം. അറ്റോര്‍ണി ജനറലിനൊപ്പമായിരിക്കും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുക.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണ സംവിധാനം ക്രമത്തിലല്ല. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താ സമ്മേളനത്തിന് തുനിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യാമായാണ് കോടതികള്‍ അടച്ചിട്ട് സുപ്രിം കോടതി ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്.