കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരായ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി തള്ളി. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതിയിലെത്തിയ കേസുകള്‍ തള്ളിപ്പോവുന്നത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് സുപ്രീം കോടതി വിധിയെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ കൂടിയായ ഡികെ ശിവകുമാര്‍ പറഞ്ഞു. തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഡി കെ ശിവകുമാര്‍ സുപ്രീം കോടതി വിധി വന്നയുടന്‍ പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന് വലിയ ആശ്വാസമായിട്ടുണ്ട് സുപ്രീം കോടതി ഉത്തരവ്. ഇഡി നടപടിയെടുത്ത 2018ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്. നികുതി വെട്ടിപ്പ്, കോടികളുടെ ഹവാല ഇടപാട് തുടങ്ങിയ ആരോപണങ്ങളായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി കോണ്‍ഗ്രസ് നേതാവിനെതിരെ ചുമത്തിയത്.
സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പ് എന്നിവര്‍ക്ക് മുമ്പാകെ നേരത്തെ തന്നെ നല്‍കിയതാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആക്ഷേപം ഡി കെ ശിവകുമാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.് ഇപ്പോഴും മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഈ വേട്ടയാടല്‍ തന്നെയാണ് തുടരുന്നതെന്നും ശിവകുമാര്‍ പ്രതികരിച്ചു.
2019 സെപ്തംബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 50 ദിവസം തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഡി കെ ശിവകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഡല്‍ഹി ഹൈക്കോടതിയാണ് അന്ന് ജാമ്യം അനുവദിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ശിവകുമാര്‍ അന്നേ ആരോപിച്ചിരുന്നു.
2017ല്‍ ഡികെയേയും അദ്ദേഹത്തിന് ഒപ്പമുള്ളവരുടേയും സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു ഇഡി അന്വേഷണം. 300 കോടി പിടിച്ചെടുത്തു എന്നടക്കം അവകാശവാദം അന്ന് ഇഡി ഉന്നയിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ആ പണം ബിജെപിയുമായി ബന്ധപ്പെട്ടതാണെന്ന് ശിവകുമാര്‍ തിരിച്ചടിച്ചിരുന്നു. എന്തായാലും കര്‍ണാടക ഹൈക്കോടതി തള്ളാന്‍ വിസമ്മതിച്ച കേസാണ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞു കോടതി തള്ളിയത്.