തമിഴ്‌നാടിനായി കപില്‍ സിബല്‍, കടുത്ത നിലപാടില്‍ ബിഹാര്‍; വിദ്വേഷം പ്രചരിപ്പിച്ച് അശാന്തി പടര്‍ത്തരുതെന്ന് ചീഫ് ജസ്റ്റിസ്; സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി അനുകൂലിക്ക് സുപ്രീംകോടതിയുടെ പ്രഹരം

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണത്തിനായി വ്യാജ വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച ബിജെപി അനുകൂലിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. യൂട്യൂബര്‍ മനീഷ് കശ്യപിന്റെ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. മനീഷ് കശ്യപിനെതിരെ രൂക്ഷവിമര്‍ശനവും ചീഫ് ജസ്റ്റിസ് നടത്തി. തമിഴ്‌നാട് പോലെ ശാന്തമായ ഒരിടത്താണ് നിങ്ങള്‍ അശാന്തി പടര്‍ത്താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ ചന്ദ്രചൂഢ് തമിഴ്‌നാട്ടിലും ബിഹാറിലും രജിസ്റ്റര്‍ ചെയ്ത 19 എഫ്.ഐ.ആറുകള്‍ ഒറ്റ കേസായി പരിഗണിക്കണമെന്ന മനീഷിന്റെ ആവശ്യം നിരാകരിച്ചു.

തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമം ചുമത്തിയത് റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കശ്യപിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും സുപ്രീംകോടതി നിരാകരിച്ചു.മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നാണ് കശ്യപിന്റെ അഭിഭാഷകന്‍ നിലപാട് സ്വീകരിച്ചത്.

എന്നാല്‍, കശ്യപ് മാധ്യമപ്രവര്‍ത്തകന്‍ അല്ലെന്നും ബിഹാറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്ടീയക്കാരനാണെന്നും തമിഴ്‌നാട് സര്‍ക്കാറിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ഇയാളുടെ യൂട്യൂബ് ചാനലിന് ആറ് ലക്ഷത്തിലേറെ വരിക്കാരുണ്ടെന്നും സിബല്‍ ചകോടതിയെ അറിയിച്ചു. കശ്യപ് സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ വധശ്രമക്കേസും തട്ടിപ്പ് കേസും നേരത്തെയുണ്ടെന്നും ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറും സുപ്രീംകോടതിയെ അറിയിച്ചു.

തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ മനീഷ് കശ്യപ് കള്ളപ്രചരണം നടത്തിയത്. പട്നയിലെ ബംഗാളി കോളനിയില്‍ ചിത്രീകരിച്ച വിഡിയോയാണ് തമിഴ്‌നാട്ടിലേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇദേഹം പ്രചരിപ്പിച്ചത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ബിഹാര്‍ വിരുദ്ധരായി മുദ്രകുത്താന്‍ ഈ വിഡിയോ ബി.ജെ.പി നേതാക്കള്‍ വ്യാപകമായി ഉപയോഗിച്ചു. തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലില്‍ സര്‍ക്കാരും ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരും കേസെടുത്തത്. ഈ വീഡിയോ പ്രചരിപ്പിച്ച ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു.

ബേട്ടിയയില്‍ മാത്രം ഏഴ് ക്രിമിനല്‍ കേസുകളാണ് മനീഷ് കശ്യപിനെതിരെയുള്ളത്. ഇതില്‍ അഞ്ച് കേസുകളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. മാത്രമല്ല ഇയാള്‍ക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റൊരു കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153, 153(എ), 153(ബി), 505(1), 505(1)(സി), 468, 471, 120(ബി) എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 67 ആം വകുപ്പും ചുമത്തിയാണ് കശ്യപിനെതിരെ കേസെടുത്തിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ