ലഖിംപൂര്‍ സംഘര്‍ഷം സംബന്ധിച്ച കേസില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി പൂജ അവധിക്കു ശേഷം കേസ് പരിഗണിക്കുമെന്നും അതിന് മുമ്പ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും നിര്‍ദേശിച്ചു.
ഗുരുതരമായ കേസുകളില്‍ ഇത്തരത്തിലാണോ സര്‍ക്കാര്‍ പെരുമാറേണ്ടതെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അതിക്രൂരമായ കൊലപാതകമാണ് ലഖിംപൂരില്‍ നടന്നത്. സര്‍ക്കാര്‍ നടപടി വാക്കുകളില്‍ മാത്രമേയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിമര്‍ശിച്ചു.
ലഖിംപൂരില്‍ വെടിവെയ്പ് നടന്നിട്ടില്ലെന്നും സിബിഐ അന്വേഷണം ആകാമെന്നും യുപി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെ കണക്കിലെടുക്കുമ്പോള്‍ സിബിഐ അന്വേഷണം കൊണ്ടും കാര്യമില്ലെന്നും മറ്റൊരു സംവിധാനം അന്വേഷണം നടത്തേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര, ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കോടതിയില്‍ പറഞ്ഞു.