ആധാർ കേസ്; സുപ്രീം കോടതിയിൽ അന്തിമ വാദം നാളെയും തുടരും

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ആധാർ കേസിന്റെ അന്തിമ വാദം നാളെയും തുടരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. എ.എം ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ.

മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വ്യക്തിയുടെ സ്വകാര്യതയ്ക്കുളള അവകാശം ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കി വിധി പുറപ്പെടുവിച്ചിരുന്നു.

നിരവധി പരാതിക്കാർ ആധാറിന്റെ സാധുതയെയും സ്വകാര്യത എന്ന മൗലികാവകാശത്തെ ആധാർ ലംഘിക്കുന്നുവെന്നും കാണിച്ച് രംഗത്ത് വന്നിരുന്നു. ആധാർ നമ്പർ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനെതിരെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ആധാർ നമ്പർ ബന്ധിപ്പിക്കാനുളള കാലാവധി നിലവിൽ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.