ലൈംഗിക തൊഴിലാളികൾക്കും ആധാർ കാർഡ് നൽകാൻ സുപ്രീം കോടതി ഉത്തരവ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കൈമാറിയ പ്രഫോർമ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അന്തസ്സോടെ ജീവിക്കുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ അവകാശമാണെന്ന് കോടതി വ്യക്തമാക്കി
ലൈംഗിക തൊഴിലാളികളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്നും അവ ഒരു കാരണവശാലും ദുരുപയോഗിക്കപ്പെടാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിറ്റി തെളിയിക്കാൻ നിർബന്ധിക്കാതെ തന്നെ ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് നൽകാമെന്ന് യു.ഐ.ഡി.എ.ഐ നേരത്തെ സുപ്രീം കോടതിയിൽ നിർദ്ദേശിച്ചിരുന്നു.
തിരിച്ചറിയൽ രേഖകളില്ലാത്ത ലൈംഗിക തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ഉറപ്പാക്കാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇവർക്ക് റേഷൻ നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു. ആധാർ കാർഡിന് പുറമെ വോട്ടർ ഐ.ഡി കാർഡ് നൽകുന്ന വിഷയവും പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളിൽ പരിഹാരം തേടി സുപ്രീകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം പരിഗണിച്ച കോടതി കേസിൽ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വിതരണം ചെയ്യണം എന്ന് ഓഡർ നൽകിയിരുന്നു. അതിൻറെ തുടർച്ചയായാണ് പുതിയ കോടതി പരാമർശം. രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം വരുന്ന ട്രാൻസ്‌ജെൻഡർ, വനിതാ ലൈംഗിക തൊഴിലാളികളെ മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്.
ഉത്തരവിൻറെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങൾക്കും, ജില്ല തല ലീഗൽ സർവീസ് അതോററ്റിക്കും അയച്ചു. ഐഡി കാർഡുകൾ വിതരണം ചെയ്യുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാറുകൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.