സമരവേദി മാറ്റുന്ന വിഷയത്തില്‍ ഷഹീന്‍ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി മദ്ധ്യസ്ഥ സംഘം ഇന്നും ചര്‍ച്ച നടത്തും. ഷഹീന്‍ ബാഗില്‍ നിന്ന് സമരവേദി മാറ്റില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നിലപാടെടുത്തതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
എന്നാല്‍, പരിഹാരം കാണുംവരെ വരെ ചര്‍ച്ച തുടരുമെന്ന് മദ്ധ്യസ്ഥ സംഘത്തിലെ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡേയും സാധന രാമചന്ദ്രനും അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധനാ രാമചന്ദ്രനും ഇന്നലെ സമരപ്പന്തലിലേക്ക് വരുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ മുഖമായ ഷഹീന്‍ ബാഗിലെ അമ്മമാരോട് ഇവര്‍ സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസമായി കൊടുംതണുപ്പിനെ അവഗണിച്ചും ഷഹീന്‍ ബാഗിലെ അമ്മമാര്‍ ഇവിടെ സമരമിരിക്കുകയാണ്. ഇതിന് പിന്നാലെ സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു.
ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വന്‍ പ്രചാരണ വിഷയമാക്കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയതോടെയാണ്, ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്.
മറ്റൊരിടത്തേക്ക് സമരവേദി മാറ്റാനാകുമോ എന്ന് പരിശോധിക്കാനും, ഇവിടത്തെ ഗതാഗതതടസ്സം മാറ്റാന്‍ ചര്‍ച്ചയിലൂടെ സമവായമുണ്ടാക്കാനാകുമോ എന്നും പരിശോധിക്കാനാണ് മധ്യസ്ഥരായി രണ്ട് മുതിര്‍ന്ന അഭിഭാഷകര്‍ എത്തിയത്.