'സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാന്‍' സുപ്രീംകോടതിയില്‍ അന്തിമവാദം തുടരുന്നു

സ്വകാര്യത സംരക്ഷിച്ചുകൊണ്ട് മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അഞ്ചംഗ ജഡ്ജിമാര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആധാര്‍ കേസിലെ അന്തിമ വാദമാണ് കോടതി കേള്‍ക്കുന്നത്. കേസില്‍ നാളെയും വാദം തുടരും.

ഹര്‍ജികള്‍ കേള്‍ക്കവെ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്നും വ്യക്തിവിവരങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികളുടെ കൈവശം ഇല്ലേയെന്നും കോടതി ആരാഞ്ഞു. സബ്സിഡികള്‍ക്കു മാത്രമാണോ ആധാര്‍ വേണ്ടത് എന്നു ചോദിച്ച സുപ്രീം കോടതി മറ്റു കാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാകുമോ എന്ന് നിശ്ചയിക്കണമെന്നും പറഞ്ഞു.

ആധാര്‍ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമായി നിരവധിപേര്‍ രംഗത്തുണ്ട്. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്ത ആധാര്‍ സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറി്‌ന്റെ വാദങ്ങള്‍ക്കുള്ള ഇരുട്ടടിയായിരുന്നു. നേരത്തെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ആധാറിനെതിരെ രംഗത്തെത്തിയിരുന്നു. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാണമെന്നാണ് സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചത്.