റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14-ന് റഫാല്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. രഞ്ജന്‍ ഗൊഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറയുക.
ഹര്‍ജികളില്‍ മെയ് 10-ന് വാദം അവസാനിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ശൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ആം ആദ്മി പാര്‍ട്ടി എം.പി സജ്ഞയ് സിംഗ് എന്നിവരാണ് പുനഃപരിശോധന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഇടപാടിനെ കുറിച്ചുള്ള വസ്തുതകള്‍ കോടതിയില്‍ നിന്ന് മറച്ചു വെച്ചു എന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഏപ്രില്‍ 10 -ന് ദി ഹിന്ദു പത്രം പുറത്തു വിട്ട രേഖകള്‍ പരിശോധിക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. രേഖകള്‍ ഔദ്യോഗിക രഹസ്യചട്ടത്തെ ലംഘിച്ചു കൊണ്ട് കൈക്കലാക്കിയതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. പ്രസക്തമായ തെളിവുകള്‍, കൈക്കലാക്കിയ മാര്‍ഗത്തിലെ നിയമവിരുദ്ധത, അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് വിഘാതമാകുന്നില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു.
36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ആയില്ലെന്ന് വിധിച്ചത്.
എന്നാല്‍, വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ പ്രതിരോധമന്ത്രാലയത്തിന്റെ ചില രേഖകളും ഇതിനൊപ്പം നല്‍കി. മോഷ്ടിച്ച രേഖകള്‍ തെളിവായി അംഗീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീം കോടതി പുനഃപരിശോധനയില്‍ തുറന്ന കോടതിയില്‍ വാദം കേട്ടിരുന്നു.
റഫാല്‍ കേസ് പുനഃപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലും കോടതി വിധി പറയും. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കോടതി പറയാത്തതാണ് രാഹുല്‍ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു