കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ട് അറസ്റ്റ് നടപടികള്‍ റദ്ദ് ചെയ്ത് അന്വേഷണ ഏജന്‍സിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണ ഏജന്‍സി പ്രതികാരബുദ്ധിയാല്‍ പ്രവര്‍ത്തിക്കരുതെന്നും നീതിന്യായത്തിന്റെ ഏറ്റവും ഉന്നതിയില്‍ വേണം പ്രവര്‍ത്തിക്കാനെന്നും സുപ്രീം കോടതി ഇഡിയോട് പറഞ്ഞു.
ഇഡിയുടെ ഓരോ പ്രവര്‍ത്തനവും സുതാര്യവും എല്ലാത്തിലും ഉപരി പ്രവര്‍ത്തനം നീതിയുക്തമായ രീതിയിലായിരിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലെ പോലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ന്യായമായി പ്രവര്‍ത്തനം നടത്തണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയോട് സുപ്രീംകോടതി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം ആസ്ഥാനമായുള്ള റിയല്‍റ്റി ഗ്രൂപ്പായ M3M ന്റെ ഡയറക്ടര്‍മാരായ ബസന്ത് ബന്‍സാല്‍, പങ്കജ് ബന്‍സാല്‍ എന്നിവരുടെ അറസ്റ്റാണ് ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി ചൊവ്വാഴ്ച മാറ്റിവച്ചത്. ജൂണില്‍ ജാമ്യാപേക്ഷ തള്ളിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബന്സാലുകള് സുപ്രീം കോടതിയെ സമീപിച്ചത്.
ജൂണ്‍ 14-ന് ചോദ്യം ചെയ്യലിനായി ബന്സാല്മാരെ ഇഡി വിളിപ്പിച്ചിരുന്നു. അതേ ദിവസം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇവരെ അറസ്റ്റ് ചെയ്തു. ഇത് ചൂണ്ടാക്കാട്ടിയാണ് സുപ്രീം കോടതി പ്രതികാര നടപടികള്‍ പാടില്ലെന്ന കര്‍ശന മുന്നറിയിപ്പ് ഇഡിയിക്ക് നല്‍കിയത്.
അന്വേഷണ ഏജന്‍സി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യായയുക്തമായി നിര്‍വഹിക്കുന്നതിലും അധികാരങ്ങള്‍ വിനിയോഗിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ഈ കേസിലെ വസ്തുതകള്‍ തെളിയിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു.
Read more
പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം പ്രതികള്‍ കൃത്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് അറസ്റ്റിന് മതിയായ കാരണമല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തു.