സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

സദ്‌ഗുരുവിൻ്റെ ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി തള്ളി സുപ്രീംകോടതി. ഇഷ ഫൗണ്ടേഷൻ തന്റെ രണ്ട് പെൺമക്കളെ ബന്ദികളാക്കിയെന്ന് ആരോപിച്ച് ഡോ. എസ് കാമരാജ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

രണ്ട് സ്ത്രീകളും സ്വമേധയായാണ് ഇഷാ ഫൗണ്ടേഷനിൽ താമസിക്കുന്നതെന്ന് കോടതിയിൽ വ്യക്തമാക്കിയതിനാലും കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതും ചൂണ്ടക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. തൻ്റെ രണ്ട് പെൺമക്കളായ ഗീത (42), ലത (39) എന്നിവരെ കോയമ്പത്തൂരിലെ ഫൗണ്ടേഷനിൽ തടവിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച പ്രൊഫസറായ ഡോ.എസ്. കാമരാജാണ് ഹർജി സമർപ്പിച്ചത്.

കേസിൻ്റെ വാദം കേൾക്കുന്നതിനിടെ, ബലപ്രയോഗത്തിലൂടെ തടവിലാക്കിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് സ്ത്രീകളുമായി സുപ്രീംകോടതി ബെഞ്ച് അവരുടെ ചേംബറിൽ നിന്ന് ഓൺലൈനിൽ സംവദിച്ചിരുന്നു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്ന് യുവതികൾ പറഞ്ഞതായി ചർച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചിരുന്നു.