ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി. ഭാര്യമാർക്ക് സംരക്ഷണം നൽകുന്നതിനായുള്ള ഈ നിയമങ്ങൾ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദം ചെലുത്തി ആനുകൂല്യങ്ങള്‍ നേടാനുമായി ദുരുപയോഗിക്കുന്നവെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍ സമ്മര്‍ദംചെലുത്താനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുറ്റകരമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ സംയുക്ത പാക്കേജായി ചുമത്തുന്ന പ്രവണതയുണ്ടെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
പലപ്പോഴും ഭാര്യയും അവരുടെ ബന്ധുക്കളും ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കുമെതിരേ മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ സംയുക്ത പാക്കേജായി ആരോപിക്കുന്നു. ഇതൊരു ആസൂത്രിത തന്ത്രമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഇക്കാരണത്താല്‍ പലപ്പോഴും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്ന അവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിസാരമായ വഴക്കുകളാണ് പിന്നീട് മോശമായ പോരാട്ടമായി മാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭോപ്പാലിലെ ദമ്പതിമാരുടെ വിവാഹമോചനത്തിന് ഉത്തരവിട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ക്രിമിനല്‍ നിയമത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. എന്നാല്‍ ചില സ്ത്രീകള്‍ അതിനുവേണ്ടിയല്ല ഈ നിയമങ്ങളെ ഉപയോഗിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.