ആധാർ അനാവശ്യമോ ? സുരക്ഷിതമാണോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ആധാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. കേസിൽ സുപ്രീം കോടതിയ‍ുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ആദ്യദിവസത്തെ വാദം പൂർത്തിയായ വേളയിലായിരുന്നു തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാർ ഉപയോഗപ്പെടുത്തുകയെന്ന് കോടതി ആരാഞ്ഞത്. ആധാർ സുരക്ഷിതമാണോ?

ആധാർ ബിൽ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ ? മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുമോ എന്നും സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.

എ.എം ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. നിരവധി പരാതിക്കാർ ആധാറിന്റെ സാധുതയെയും സ്വകാര്യത എന്ന മൗലികാവകാശത്തെ ആധാർ ലംഘിക്കുന്നുവെന്നും കാണിച്ച് രംഗത്ത് വന്നിരുന്നു. ആധാർ നമ്പർ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനെതിരെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.