ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വസ്തുതാ പരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിൽ യൂണിറ്റ് ആരംഭിക്കാൻ വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇത് സ്റ്റേ ചെയ്തത് കേന്ദ്രസർക്കാരിനു വൻതിരിച്ചടിയായി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പിഐബിക്ക് കീഴില്‍ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഐടി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരെയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കങ്ങളോ സര്‍ക്കാരിന് കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജമെന്ന് മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്താമെന്ന ആശങ്കയായിരുന്നു പ്രധാനമായും ഇതിലൂടെ ഉയര്‍ന്നിരുന്നത്.