അഴിമതി അന്വേഷണത്തിൽ സി.ബി.ഐയുടെ അറസ്റ്റിന് വിധേയനാവേണ്ടി വന്നതിനെ ചോദ്യം ചെയ്ത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്നേ ദിവസമാണ് ചിദംബരത്തിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി അവസാനിക്കുന്നത്.
ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ബുധനാഴ്ച അറസ്റ്റിലായതിനെ തുടർന്ന് നിലനിന്നിരുന്നില്ല.
മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് മുതിർന്ന നേതാവിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്ന്.
എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ചിദംബരത്തിന്റെ ഹർജി ഇപ്പോൾ സുപ്രീം കോടതി പരിഗണിക്കുകയാണ്.
ഇന്നലെ പ്രത്യേക കോടതി ചിദംബരത്തെ അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽവിട്ടിരുന്നു.
2007- ൽ രാജ്യത്തിന്റെ ധനമന്ത്രിയെന്ന നിലയിൽ ഐഎൻഎക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയിലേക്കുള്ള വിദേശ ധനസമാഹരണം ചിദംബരം സുഗമമാക്കിയതായി ആണ് ആരോപണം. ഇതിനായി അദ്ദേഹത്തിന്റെ മകൻ കാർത്തി ചിദംബരം കൈക്കൂലി വാങ്ങിയെന്നും ആരോപിക്കപ്പെടുന്നു.