ഗുജറാത്ത് സർക്കാർ ചെയ്തതെല്ലാം നിയമവിരുദ്ധം, ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി; ഒടുവില്‍ ബില്‍ക്കിസ് ബാനുവിന്റെ പോരാട്ടത്തില്‍ കോടതിയുടെ നീതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ ശിക്ഷയിളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാനുള്ള അധികാരം കുറ്റ കൃത്യം നടന്ന സ്ഥലത്തെ സര്‍ക്കാരിന് അല്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് ഈ അധികാരം ഉള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിവി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിന്റെതാണ് ഉത്തരവ്.

ശിക്ഷയിളവ് നൽകുന്നതിനു മുൻപ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. അതിജീവിതയ്ക്ക് നീതി ലഭിക്കണം. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നു. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ നവീകരണത്തിനാണ്, പ്രതികാരം തീര്‍ക്കാനല്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി പറഞ്ഞു. പ്രതികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. സാമൂഹ്യ പ്രവർത്തകർ കക്ഷി ചേർന്നത് അംഗീകരിച്ച കോടതി ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ പ്രധാനമാണ് എന്ന് നിരീക്ഷിച്ചു.

കുറ്റവാളികൾ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. അത്യന്തം പ്രാകൃതമായ രീതിയിലായിരുന്നു പ്രതികളുടെ കൊടുംക്രൂരതകൾ. പ്രതികളോട് മൃദു നിലപാട് ബിജെപി അധികാരത്തിലുള്ള ഗുജറാത്ത് സർക്കാർ സ്വീകരിച്ചു. ശിക്ഷാ കാലയളവിലെ ഭൂരിഭാഗം ദിവസവും പ്രതികൾ പരോളിൽ പുറത്തായിരുന്നു. ഗുജറാത്ത് സർക്കാർ നടപടി നല്ല സന്ദേശമല്ല നൽകുന്നതെന്നും ഹർജിക്കാർ വാദിച്ചു.

അതേസമയം പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഗുജറാത്ത് സർക്കാരിൻ്റെ മറുവാദം. പ്രതികളുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും ബിൽക്കിസ് ബാനുവിന് സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി വിധി അനുസരിച്ചാണ് തീരുമാനം എടുത്തതെന്നുമായിരുന്നു ഗുജറാത്ത് സർക്കാർ വാദിച്ചിരുന്നത്.

2002 ലെ ഗുജറാത്ത് കലാപത്തിനിടയിലാണ് ബിൽക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്. 2002 മാർച്ച് മൂന്നിനായിരുന്നു ആക്രമണം. 21 വയസുള്ള ബിൽക്കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരിക്കെയാണ് കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെയാണ് ആക്രമണകാരികൾ കൊന്നത്. മൂന്ന് വയസുള്ള ബിൽക്കിസിന്റെ മകളെ ഭിത്തിയിൽ എറിഞ്ഞ് അതിക്രൂരമായാണ് ആക്രമണകാരികൾ കൊല്ലപ്പെടുത്തിയത്.

അഹമ്മദാബാദിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. പിന്നീട് സുരക്ഷാ കാരണങ്ങളെ തുടർന്ന് ഗുജറാത്തിന് പുറത്തേക്ക് വിചാരണ മാറ്റാണമെന്ന ആവശ്യം പരിഗണിച്ച് മഹാരാഷ്ട്രയിലേക്ക് കേസ് മാറ്റി. 2008 ജനുവരി 21ന് 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. 2017 ല്‍ ബോംബൈ ഹൈക്കോടതി വിചാരണ കോടതി വിധി ശരിവയ്ക്കുകയും ചെയ്തു.

എന്നാൽ 2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ നല്ല നടപ്പിന്റെ പേര് പറഞ്ഞ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളായ 11 പേരെയും ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചു. പിന്നാലെ പുറത്തു വന്ന പ്രതികളെ ഗുജറാത്തിൽ ബിജെപി അനുകൂലികൾ മധുരം കൊടുത്ത് സ്വീകരിച്ചു. പ്രതികളെ സ്വീകരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ജയിൽ മോചിതരായി പുറത്തിറങ്ങിയ പ്രതികളിൽ ഒരാളായ ശൈലേഷ് ചിമൻലാൽ ഭട്ട് ഗുജറാത്ത് സർക്കാർ സം​ഘടിപ്പിച്ച പരിപാടിയിൽ ബിജെപി എംപിക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിട്ടതും ചർച്ചയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ ജല വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബലാത്സംഗ കേസിലെ പ്രതി പങ്കെടുത്തത്. ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധമാണ് ഗുജറാത്ത് സർക്കാരിന്റെ നടപടിയിൽ ഉണ്ടായത്.

കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ പ്രതികളെ വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണെന്ന് ​ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളിലൊരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതിനെ തുടര്‍ന്നാണ് മോചന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നാണ് സുപ്രീംകോടതിയിൽ ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം.

എന്തായാലും ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ ബിൽക്കിസ് ബാനുവിന് നീതി ലഭിച്ചിരിക്കയാണ്. പ്രതികളെ വിട്ടയക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്ന് സുപ്രീംകോടതി ഉത്തരവിലൂടെ വൻ തിരിച്ചടിയാണ് ബിജെപി സർക്കാരിനുണ്ടായിരിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് ശിക്ഷയിളവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവോടെ ശിക്ഷയില്‍ ഇളവ് നേടി പുറത്തിറങ്ങിയ 11 പ്രതികളും വീണ്ടും ജയിലേക്ക് മടങ്ങേണ്ടിവരും.

Latest Stories

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്