വിവാദ ചലച്ചിത്രം ദി കേരള സ്‌റ്റോറി നിരോധിച്ചതിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. പശ്ചിമ ബംഗാളിൽ സിനിമ പ്രദർശനം നിരോധിച്ചതിനെതിരെയാണ് ഹർജി. രാജ്യത്തെ മറ്റിടങ്ങളിൽ കേരളസ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചോദിച്ചിരുന്നു.
വിദ്വേഷ പ്രചാരണമാണ് ചിത്രത്തിലെന്നും, കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പശ്ചിമബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read more
അതേസമയം, കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റിലീസിന് ശേഷം പ്രേക്ഷകരുടെ മോശം പ്രതികരണം കാരണം മൾട്ടി പ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തി വെക്കുകയായിരുന്നുവെന്നും തമിഴ്നാട് എഡിജിപി സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ പറയുന്നു.