ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്‍ പട്ടാളത്തിനോ സാധാരണ ജനങ്ങള്‍ക്കോ ജീവന്‍ നഷ്ടമായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്വയം പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല വ്യോമാക്രമണമെന്നും, സുഷമ പറഞ്ഞു.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പകരമായാണ് ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജെയ്‌ഷെ ഇ മുഹമ്മദ് ട്രെയ്‌നിങ്ങ് ക്യാപ് ഇന്ത്യ തകര്‍ത്തത്. പുല്‍മാവ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാനിലെ സാധാരണ ജനങ്ങളെ ആക്രമിക്കാതെ ഇന്ത്യന്‍ സൈന്യം വിജയകരമായി തിരിച്ചെത്തി. പാര്‍ട്ടി വനിതാ വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ.
2008 ല്‍ മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. 14 രാജ്യങ്ങളില്‍ നിന്നുള്ള 40 വിദേശികളാണ് അന്ന് കൊല്ലപ്പെട്ടത്. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. അന്നത്തെ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നെന്നും സുഷമ ആരോപിച്ചു. 2014 ലേതു പോലെ ഇത്തവണയും ബിജെപി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും സുഷമ പ്രത്യാശ പ്രകടിപ്പിച്ചു.