വിദേശത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച പ്രജ്വല്‍ രേവണ്ണ ബെംഗളൂരുവില്‍; വിമാനത്താവളത്തില്‍ നിന്നു തന്നെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ചോദ്യം ചെയ്യല്‍ തുടരുന്നു

ലൈംഗിക പീഡന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യം വിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണ ബെംഗളൂരുവില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അദേഹം ബെംഗളൂരുവില്‍ എത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് ഉടന്‍ തന്നെ പ്രജ്വലിനെ കസ്റ്റഡിയിലെടുത്തു.

മെഡിക്കല്‍ പരിശോധന നടത്തിശേഷം അദേഹത്തെ പൊലീസ് ക്ലബിലേക്ക് മാറ്റി. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഒരു മണിയോടെയാണ്് പ്രജ്വല്‍ ബെംഗളൂരൂവിലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രജ്വല്‍ തിരിച്ചെത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ 19ന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്‍പാകെ സ്വയം ഹാജരാകുമെന്ന് ചൂണ്ടിക്കാട്ടി പ്രജ്വല്‍ കഴിഞ്ഞ ദിവസം ഒരു വിഡിയോ പുറത്തു വിട്ടിരുന്നു. ഇതു ഹംഗറിയില്‍വച്ചു ചിത്രീകരിച്ചതാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ലൈംഗികപീഡനം ആരോപിച്ചുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രജ്വല്‍ രേവണ്ണ ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.