സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്‌സനല്‍ സെക്രട്ടറി ബിഭവ് കുമാറിനെ ശക്തമായ തെളിവുകള്‍.
ബിഭവ് കുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ പെന്‍ഡ്രൈവില്‍നിന്ന് ചില വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതും ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതും ശക്തമായ തെളിവുകളാണെന്ന് കോടതി വ്യക്തമാക്കി. ബിഭവ് കുമാറിനെതിരായ ആദ്യ ക്രിമിനല്‍ കേസ് അല്ല ഇതെന്നും റിമാന്‍ഡ് അപേക്ഷ പരിഗണിക്കവേ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗൗരവ് ഗോയല്‍ വ്യക്തമാക്കി.
ബിഭവ് നല്‍കിയ പെന്‍ഡ്രൈവിലെ ദൃശ്യങ്ങളില്‍, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. റിമാന്‍ഡ് കാലയളവില്‍ ദിവസവും വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ അര മണിക്കൂര്‍ വീതം അഭിഭാഷകരെ കാണാന്‍ ബിഭവ് കുമാറിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ദിവസവും ഭാര്യയെ കാണാനും അനുമതിയുണ്ട്.
മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നാണ് ബിഭവ് കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ കേജ്രിവാളിനെ കാണാന്‍ വസതിയിലെത്തിയപ്പോള്‍ ബിഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി. സ്വാതിക്ക് ബിഭവ് കുമാറിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് അവര്‍ നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കെജ്രിവാളിന്റെ പേഴ്സനല്‍ അസിസ്റ്റന്റായബിഭവ് കുമാര്‍ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടി.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഫ്ലാഗ് സ്റ്റാഫ് റോഡിലെ കെജ്രിവാളിന്റെ വീട്ടില്‍ എത്തിയതെന്ന് സ്വാതിയുടെ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സഹായിയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. കെജ്രിവാളിനെ കാത്ത് സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ബിഭവ് കുമാര്‍ അവിടേക്ക് കടന്നുവന്നു.
ഒരു പ്രകോപനവുമില്ലാതെ മുടി ചുരുട്ടിപ്പിടിച്ച് മേശയില്‍ ഇടിച്ചു. സ്വീകരണ മുറിയിലൂടെ വലിച്ചിഴച്ചു. തനിക്ക് ആര്‍ത്തവ ദിനം കൂടിയായിരുന്നതിനാല്‍ കടുത്ത വേദനയുണ്ടെന്നും മര്‍ദിക്കരുതെന്ന് അപേക്ഷിച്ചിട്ടും ബിഭവ് മര്‍ദനം തുടര്‍ന്നുവെന്നും സ്വാതി പറഞ്ഞു. ബഹളം വെച്ചിട്ടും ഒരു ഇടപെടാന്‍ തയാറായില്ല.
ഒരു പ്രകോപനവുമില്ലാതെയാണ് ബിഭവ് ആക്രമിച്ചത്. ഒരുഘട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി ബൈഭവിന് കാലുകള്‍ കൊണ്ട് തള്ളിമാറ്റി. അപ്പോള്‍ മനപൂര്‍വം ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിഴച്ചുവെന്നും സ്വാതിയുടെ മൊഴിയിലുണ്ട്. സംഭവിച്ചതിന്റെ കടുത്ത ആഘാതത്തിലായിരുന്നു ഞാന്‍. തുടര്‍ന്ന് 112ല്‍ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റി ജീവനക്കാര്‍ സ്വാതിയെ മര്‍ദിക്കുന്നത് തടയുന്നതിന് പകരം ബിഭവിന്റെ നിര്‍ദേശമനുസരിച്ച് പുറത്താക്കുകയായിരുന്നു.
പൊലീസിനെ കാത്തുനില്‍ക്കാന്‍ പോലും സമ്മതിക്കാതെ അവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കിയെന്നും സ്വാതി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് അകമ്പടിയോടെ സ്വാതി എയിംസിലെ ട്രോമ സെന്ററില്‍ വൈദ്യ പരിശോധനക്ക് പോയിരുന്നു.