താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തെത്തുടര്‍ന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക് നിര്‍ത്തിവെച്ചു.
താജ്മഹല്‍ എന്ന പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
താജ്മഹലിന്റെ പേര് മാറ്റത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉറച്ചുനിന്നപ്പോള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തന്നെ ഹര്‍ജി തള്ളിയതായി ചൂണ്ടിക്കാട്ടി ബിഎസ്പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉദ്യമത്തെ എതിര്‍ത്തു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പത്നി മുംതാസ് മഹലിന്റെ ഓര്‍മയ്ക്കായി പണി കഴിപ്പിച്ച താജ്മഹലിന്റെ പേരു മാറ്റണമെന്നത് സംഘ്പരിവാര്‍ സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ശിവലിംഗ പ്രതിഷ്ഠയുള്ള തേജോ മഹാലയ എന്ന ക്ഷേത്രം തകര്‍ത്താണ് ഷാജഹാന്‍ ശവകുടീരം പണി കഴിപ്പിച്ചത് എന്നാണ് സംഘടനകളുടെ വാദം.
എന്നാല്‍ താജ്മഹലിന് അകത്ത് ശിവക്ഷേത്രമുണ്ടെന്ന വാദത്തിന് തെളിവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ 2015 നവംബറില്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നത്. അവകാശവാദങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നിരാകരിച്ചിരുന്നു.