അതിർത്തി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിൻെറയും (ബി.എ.ടി ), തീവ്രവാദികളുടെയും മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്കായി തിരിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈന്യത്തോട് നിർദ്ദേശിച്ചു. വെള്ള കൊടിയുമായി വന്ന് മൃതദേഹങ്ങൾ കൈപ്പറ്റാനാണ് നിർദ്ദേശം. എന്നാൽ നിർദ്ദേശത്തോട് പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ കെരൺ മേഖലയിൽ പാകിസ്ഥാന്റെ ബി.എ.ടി സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്നലെ ഇന്ത്യൻ പട്ടാളക്കാർ പരാജയപ്പെടുത്തിയിരുന്നു. ബി.എ.ടി സൈനികരെയും തീവ്രവാദികളെയും ഉൾപ്പെടെ ഏഴ് പേരെ വധിച്ചതായാണ് ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നത്.
പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറി (പി.ഒ.എഫ്) അടയാളങ്ങളുള്ള ഒരു അമേരിക്കൻ നിർമ്മിത എം 24 സ്നിപ്പർ റൈഫിളും, കുഴി ബോംബും സുരക്ഷാ സേന കണ്ടെടുത്തു.
ഇന്ത്യൻ സൈന്യം ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചതായി ശനിയാഴ്ച്ച പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഇത് ശക്തമായി നിരസിച്ചു.