പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് അധിര്‍ രഞ്ജന്‍ ചൗധരി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ചൗധരിയുടെ രാജി. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അധിര്‍ രഞ്ജന്‍ ചൗധരി പദവിയൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ചൗധരി രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
എന്നാല്‍ ചൗധരിയുടെ രാജിക്കത്തില്‍ ഹൈക്കമാന്റ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നേരത്തെ രാജി സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പദവിയില്‍ തുടരുകയായിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പല ഘട്ടങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച് ചൗധരി രംഗത്തെത്തിയിരുന്നു.
ദേശീയ തലത്തില്‍ ടിഎംസി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരായ നിലപാട് കൈക്കൊണ്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസിനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഇത്തരം അവസരങ്ങളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയ ചൗധരിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളിയിരുന്നു. ബഹറാംപൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനെതിരെ മത്സരിച്ച ചൗധരി പരാജയപ്പെടുകയായിരുന്നു.