പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയുമായി ഗുലാം നബി ആസാദ്. എതിര്‍ പാര്‍ട്ടികളിലെ നേതാക്കളെ കാണുകയോ സംസാരിക്കുകയോ ചെയ്‌തെന്ന് വിചാരിച്ച് ഒരാളുടെ ഡിഎന്‍എ മാറാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍നിന്ന് താന്‍ പടിയിറങ്ങുന്ന ദിവസം 22 പാര്‍ട്ടികളിലെ എം.പിമാരും അന്ന് തന്നെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് മാത്രമാണ് പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടി വിമര്‍ശിക്കുന്നത്.
രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങളും ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും വിരമിക്കുന്നത് പതിവാണ്. വിടവാങ്ങല്‍ ചടങ്ങില്‍ വിവിധ പാര്‍ട്ടികളിലെ എം.പിമാര്‍ ഇത്തരത്തില്‍ പ്രസംഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ”ആസാദ് ജി, സഭയില്‍ നിന്ന് പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്ക് വേണ്ടി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.