അണ്ണാമലൈയുടെ കസേരവലിക്കാന്‍ ബിജെപിയില്‍ വിമതനീക്കം; എതിര്‍ചേരിയെ നയിച്ച് തമിഴിസൈ സൗന്ദര്‍രാജന്‍; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തെറിച്ചേക്കും

ബിജെപി സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ കെ. അണ്ണാമലൈയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടിക്കുള്ളില്‍ വിമതനീക്കം. കെ. അണ്ണാമലൈയുടെ കാലാവധി കേന്ദ്ര നേതൃത്വം നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് അസംതൃപ്തര്‍ തലപൊക്കിയത്. സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധസംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിന് ബിജെപി ദേശീയനേതൃത്വം നടപടി ആരംഭിച്ചതോടെയാണ് അണ്ണാമലൈക്കെതിരെയുള്ള നീക്കം സജീവമായത്.

കഴിഞ്ഞ ദിവസം തമിഴിസൈ സൗന്ദര്‍രാജന്‍ പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കണ്ടിരുന്നു. തമിഴ്നാട്ടില്‍ പുതിയഅധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിക്കാണ്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് അണ്ണാമലൈയെ നീക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലരും ശ്രമിച്ചിരുന്നു.

എന്നാല്‍ ദേശീയനേതൃത്വം ഈ നീക്കം മുളയിലെ നുള്ളി. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ശക്തമായ സഖ്യമില്ലാതെ ഡിഎംകെയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ബിജെപിയിലെ അണ്ണാമലൈ വിരുദ്ധ നേതാക്കളുടെയും വിലയിരുത്തല്‍.

മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയുമായി കൈകോര്‍ക്കാതെ സഖ്യം ശക്തിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ അണ്ണാമലൈ പാര്‍ട്ടിയുടെ തലപ്പത്ത് തുടരുന്നകാലത്തോളം സഖ്യമുണ്ടാക്കാന്‍
അണ്ണാ ഡിഎംകെ തയ്യാറാകില്ലെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം മുതിര്‍ന്ന നേതാക്കളും അണ്ണാമലൈക്കെതിരെയുള്ള എതിര്‍പ്പ് ശക്തമായതിനാല്‍ അദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ദേശീയതലത്തില്‍ സ്ഥാനംനല്‍കി സംസ്ഥാനത്ത് പുതിയനേതൃത്വം വരാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉണ്ട്.