തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സര്‍ക്കാരിന്റെ ബജറ്റ് അവതരണം. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെന്നൈ നഗരം വികസിപ്പിക്കുന്നതിന് പകരം പുതിയ നഗരം സ്ഥാപിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ചെന്നൈയ്ക്ക് സമീപം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി നിര്‍മ്മിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസുവാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലോബല്‍ സിറ്റിയ്ക്ക് പുറമേ തെക്കന്‍ തമിഴ്‌നാട്ടില്‍ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്നും തങ്കം തെന്നരസു അറിയിച്ചു. നഗര ആസൂത്രണ വിദഗ്ധരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് തീരുമാനങ്ങള്‍.
ഐടി പാര്‍ക്കുകള്‍, ഫിന്‍-ടെക് വ്യാപാര മേഖലകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍, ഹൈടെക് കമ്പനികള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഗ്ലോബല്‍ സിറ്റിയില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Read more
ഉയര്‍ന്ന വരുമാനക്കാര്‍, മധ്യവര്‍ഗക്കാര്‍, താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്കായി ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നഗരത്തിലുണ്ടാകും. അതേസമയം രാമേശ്വരത്ത് പുതിയ വിമാനത്താവളം വരുന്നതോടെ തെക്കന്‍ തമിഴ്നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തലുകള്‍.