തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ചെന്നൈയിലെ അഭിഭഷകനായ എം സത്യകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ ചട്ടം ഉണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ടി ഷര്‍ട്ട് ഔദ്യോഗിക വസ്ത്രമാണോ എന്നും കോടതി ചോദിച്ചു. ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടിക്ക് ഡിഎംകെ പതാകയുള്ള ടിഷര്‍ട്ടും ജീന്‍സും ധരിക്കുന്നുവെന്നാണ് എം സത്യകുമാര്‍ നല്‍കിയ ഹര്‍ജി.
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുടെ ചെരുപ്പിനെ കുറിച്ചും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഹര്‍ജിയിലെ വാദം അനുസരിച്ച് ജനപ്രതിനിധികളുടെ വസ്ത്രം സംബന്ധിച്ചുള്ള നിയമത്തിന്റെ ലംഘനം ആണിതെന്നാണ്. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നം ബ്രാന്‍ഡ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാകാന്‍ സാധ്യതയുള്ള പൊതുജനങ്ങളെ ഉദയനിധി പരോക്ഷമായി സ്വാധീനിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.